പഠിച്ച പണ്ട് സ്കൂളിലേക്ക് ഏകയായി കടന്നുചെന്നിട്ടുണ്ടോ ?..
കൂട്ടുകാർക്കൊപ്പമല്ല.'ഗെറ്റ് ടുഗെദർ' എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല...
ആളും ആരവവും ഇല്ലാത്തപ്പോൾ...
അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ...
നമുക്ക് കൂട്ടിന് സ്കൂൾ മാത്രം...
അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും...??
അതൊരു വല്ലാത്ത അനുഭവമാണ്...
സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം...
'പിൻഡ്രോപ്പ് സൈലൻസ്' എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം...
അവിടെ മുഴുവൻ അലഞ്ഞുതിരിയണം...
അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും....
കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും...
നമുക്ക് ചുവരുകളോടും തൂണുകളോടും സംസാരിക്കാം...
അവരുടെ നെഞ്ചിൽ മുഖം പൂഴ്ത്താം...
അവർക്കും പറയാനുണ്ടാവും കഥകൾ ഏറെ....
സ്കൂൾ സ്റ്റേജിനു മുന്നിൽ കുറച്ചു നിമിഷങ്ങൾ നിൽക്കണം...
അതാ കൺമുമ്പിൽ ചില കാഴ്ച്ചകൾ...
സ്റ്റേജിൽ നിന്ന് പ്രാർത്ഥനയും ദേശീയഗാനവും പ്രസംഗവും ഉയരുന്നു...
മുറ്റം നിറയെ കുട്ടികൾ...
പെട്ടന്ന് എല്ലാം മാഞ്ഞുപോവുന്നു...
മുറ്റത്ത് നമ്മൾ മാത്രം...
ക്ലാസ് മുറികളുടെ മുന്നിലൂടെ രണ്ടു മൂന്നു തവണ നടക്കണം...
അപ്പോൾ കേൾക്കാം...
ഗുരുക്കൻമാരുടെ ശബ്ദം....
എഴുത്തച്ഛൻ,..
ചെറുശ്ശേരി,..
പ്രേംചന്ദ്,..
ഷെല്ലി...
ന്യൂട്ടൻ്റെ നിയമങ്ങൾ...
പിര്യോഡിക് ടേബിൾ....
നിങ്ങൾക്ക് കാണാം...
മുന്നിലെ ബെഞ്ചുകളിൽ കാതു കൂർപ്പിച്ചിരിക്കുന്ന മുഖങ്ങൾ...
താടിയ്ക്ക് കൈയ്യും കൊടുത്ത് ഉറക്കത്തിലേക്ക് വഴുതിവീഴാൻ പോകുന്ന മറ്റു ചില മുഖങ്ങൾ....
ചിലയിടങ്ങളിൽ സാരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകാം...
അവിടെ നിൽക്കരുത്....
ഒരു നെടുവീർപ്പിനപ്പുറമുള്ള ദുഃഖപ്രകടനങ്ങൾ പാടില്ല....
ഒരു മാറ്റവും സംഭവിക്കാത്ത ഭാഗങ്ങളിലേക്ക് പാഞ്ഞുചെല്ലണം....
അവിടെയും കാണാം പല പല കാഴ്ച്ചകൾ....
ഉച്ചസമയത്ത് ചോറും ചെറുപയറുമായി നടന്നുനീങ്ങുന്നവരുടെ കൂട്ടം....
വിദ്യാലയ അങ്കണത്തിൽ മരത്തണലിൽ കൂട്ടം കൂട്ടമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ
പൊട്ടിയ പൈപ്പിൽ നിന്നും കുതിച്ചൊഴുകുന്ന ജലം...
മഴക്കാലത്ത് മുറ്റം നിറയെ കറുത്ത കുടകൾ...
ഒാടിനിടയിലൂടെ ഒരു കള്ളനെപ്പോലെ കടന്നുവന്ന് നോട്ട്ബുക്കിൽ വീഴുന്ന മഴത്തുള്ളി...
പരിസ്ഥിതിദിനത്തിൽ നട്ടുപിടിപ്പിച്ച ചെടികൾ...
മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നുന്നത്....
ഒരറ്റത്ത് വട്ടു കളി
മറ്റേ
അറ്റത്ത് കള്ളനും പൊലീസും...
അതിനിടയിൽ ഒളിച്ചു കളി....
അങ്ങനെ മുന്നോട്ടുനടക്കണം...
ക്ഷീണിച്ചാൽ ഇരിക്കാം...
കാതോർത്താൽ കേൾക്കാം...
നിങ്ങളുടെ കാൽപ്പാടുകൾ...
പൊട്ടിച്ചിരികൾ....
വിതുമ്പലുകൾ
ഒടുവിൽ ചുവരിന് നമ്മുടെ കണ്ണുനീരിൻ്റെ സ്വാദ് മനസ്സിലാവും...
നമ്മുടെ മനസ്സിൻ്റെ തേങ്ങൽ തൂണുകളുടെ കാതുകൾക്ക് വിരുന്നാവും...
എന്താണ് മനസ്സ് തേങ്ങുന്നത്?
എന്താണ് പറയുന്നത്...?
തിരിച്ചുതരുമോ ആ നാളുകൾ ..?
കുറച്ചു നേരത്തേക്കെങ്കിലും മടക്കിത്തരുമോ ആ കാലം...??
കടന്നുവന്ന വഴികൾ ഒരു പാഴ് വസ്തു മാത്രമാണെങ്കിൽ നിങ്ങൾക്കീ വികാരം മനസ്സിലാവില്ല...
ഒാർമ്മകൾ ഹരമാണെങ്കിൽ ഇത് നിങ്ങൾക്ക് മനസ്സിലാവും...
തടവുകാരനാവുന്നത് സങ്കടകരമാണ്...
പക്ഷേ ഒാർമ്മകളുടെ തടവുകാരനാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാണ്....
തനിച്ചൊരു യാത്ര പോണം...
ഒരിക്കലെങ്കിലും...
ഒരുകാലത്ത് എല്ലാമായിരുന്ന മണ്ണിലേക്ക്...
വിദ്യ കെ എസ്
പി ജി ടി കമ്പ്യൂട്ടർ സയൻസ്